കണ്ണുകൊണ്ടു കാണാൻ സാധിക്കാത്ത അണുക്കൾ ശരീരത്തിൽ പ്രവേശിക്കുകയും അവ ശരീരത്തിൽ അണുബാധയുണ്ടാക്കുകയും ചെയ്യുമ്പോൾ ശരീരം സ്വമേധയാ അവയെ പ്രതിരോധിക്കും.എന്നാൽ ശരീരത്തിന്റെ പ്രതിരോധശക്തി കുറവാണെങ്കിൽ അണുബാധ വർധിക്കുകയും ശരീരം ക്ഷയിച്ചു പോവുകയും അത് മരണത്തിലേക്കു പോലും എത്തിച്ചേരും. അങ്ങനെയാണ് സാംക്രമിക രോഗങ്ങളുണ്ടാവുന്നത്. അണുക്കൾക്കു അതിവേഗം പെരുകുന്ന സ്വഭാവമുള്ളതിനാൽ അത് മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ സാംക്രമിക രോഗങ്ങളെ നിയന്ത്രിക്കാൻ ആകെ 2 വഴികളേയുള്ളു.
ശരീരത്തിന്റെ രോഗപ്രതിരോധശക്തി വർധിപ്പിക്കുക.
രോഗികളിൽനിന്നു അകന്നു നിൽക്കുക.
ശരീരത്തിന്റെ രോഗപ്രതിരോധശക്തി വർധിപ്പിക്കുക എന്നുള്ളത് വളരെയധികം സങ്കീർണ്ണം നിറഞ്ഞ ഒരു വിഷയമാണ്. ഓരോ ബാഹ്യമായ ഘടകത്തിനോടും ശരീരം വ്യത്യസ്തമായ രീതിയിലാണ് പ്രതിരോധിക്കുക. അതായത് ഒരു അണു ശരീരത്തിൽ പ്രവേശിച്ചാൽ ഒരു പ്രത്യേക തരം പ്രതിദ്രവ്യങ്ങൾ ശരീരത്തിൽ ഉത്പാദിക്കപ്പെടുന്നു. അവ ആ അണുവിനെ മാത്രം പ്രതിരോധിക്കാൻ കഴിവുള്ളതാണ്. ഈ പ്രത്യേകതരം പ്രതിദ്രവ്യങ്ങൾ അണുവിനെയും അണുബാധയെയും നശിപ്പിക്കുകയും വീണ്ടും ഇതേ അണുബാധയുണ്ടാവാതിരിക്കാൻ ശരീരത്തിൽ പ്രതിരോധം കൊണ്ടുവരികയും ചെയ്യുന്നു. എന്നാൽ മറ്റൊരു അണുവാണ് ശരീരത്തിൽ പ്രവേശിക്കുന്നതെങ്കിൽ നേരത്തെ ഉത്പാദിക്കപ്പെട്ട പ്രതിദ്രവ്യങ്ങൾക്കു യാതൊരു പ്രതിരോധവും ചെയ്യുവാൻ സാധിക്കില്ല. പുതിയ അണുബാധയോട് പുതിയ രീതിയിലുള്ള പ്രതിദ്രവ്യങ്ങൾ തന്നെ ശരീരം ഉത്പാദിപ്പിക്കേണ്ടിവരും. അതിനാൽ ഓരോ അണുവിനോടും അല്ലെങ്കിൽ ഓരോ ബാഹ്യമായ ഘടകത്തിനോടും ശരീരം അതിനോടുതുകുന്ന പ്രത്യേക പ്രതിദ്രവ്യങ്ങൾ ഉത്പാദിപ്പിക്കണം. ആവശ്യാനുസരണം പ്രതിദ്രവ്യങ്ങളേ ഉത്പ്പാദിക്കുവാൻ ശരീരത്തെ സജ്ജമാക്കുകയാണ് നമ്മുക്ക് ചെയ്യാവുന്ന ഏക കാര്യം. അതിനായി നല്ല ശീലങ്ങൾ സ്വായത്തമാക്കുകയും പോഷകാഹാരങ്ങൾ കഴിക്കുകയും വേണം. ആരോഗ്യമുള്ള ശരീരത്തിനായി നമുക്കിവ ശീലമാക്കാം.
പുകവലി ഉപേക്ഷിക്കുക.
ധാരാളം പച്ചക്കറികളും ഫലവർഗ്ഗങ്ങളും ഭക്ഷിക്കുക.
മദ്യപാനം ഒഴിവാക്കുക.
ദിവസവും വ്യായാമം ശീലമാക്കുക.
വ്യക്തി ശുചിത്വവും പരിസരശുചിത്വവും പാലിക്കുക.
വെള്ളം ചെറുചൂടോടെ കുടിക്കുക.
മാംസാഹാരങ്ങൾ നന്നായി വേവിച്ചു മാത്രം കഴിക്കുക.
മഞ്ഞൾ, ജീരകം, മല്ലി, വെളുത്തുള്ളി എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തുക.
1 ഗ്ലാസ് ചൂട് പാലിൽ 1 /2 tsp മഞ്ഞൾ ചേർത്ത് ദിവസവും കുടിക്കുക.
തുളസി, പട്ട, കുരുമുളക്, ചുക്ക്, ഉണക്കമുന്തിരി, എന്നിവയിട്ടിട്ടുള്ള കാപ്പി ദിവസവും കുടിക്കുക.
രോഗികളിൽ നിന്നും അകന്നു നിൽക്കുന്നതാണ് സാംക്രമിക രോഗങ്ങൾ തടയുവാനുള്ള മറ്റൊരു മാർഗ്ഗം.
രോഗബാധിത പ്രദേശങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കുക.
രോഗബാധിതരുമായുള്ള സമ്പർക്കം ഒഴിവാക്കുക.
മറ്റുള്ളവരുമായി സമ്പർക്കമുണ്ടായാൽ ഉടനെ തന്നെ സോപ്പു ഉപയോഗിച്ച് നന്നായി കൈ കഴുകുക.
മറ്റുള്ളവരുമായി 1m അകലമെങ്കിലും എപ്പോഴും പാലിക്കുക.
സാധിക്കുന്നിടത്തോളം വീട്ടിൽത്തന്നെ ആയിരിക്കുക.ദൈനംദിന ചര്യകളിൽ കുറച്ചു അച്ചടക്കവും കരുതലും കൊണ്ടുവന്നാൽ സാംക്രമികരോഗങ്ങളേ ഒരു പരിധിവരെ നമുക്ക് നിയന്ത്രിക്കാം. ആരോഗ്യമുള്ള ശരീരവും അതോടൊപ്പം തന്നെ ആരോഗ്യമുള്ള മനസ്സുമുണ്ടെങ്കിൽ ഏതു മഹാമാരിയെയും നമുക്ക് കീഴ്പ്പെടുത്താം.
Comments